ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫോണിന്റെ പാസ്‌വേഡ് അടക്കമുള്ള വിവരങ്ങൾ നൽകാൻ കെജ്‌രിവാൾ വിസമ്മതിച്ച സാഹചര്യത്തിൽ ആപ്പിളിനെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം. അതേസമയം, പാസ്‌വേഡുകൾ ശേഖരിക്കുന്നത് വഴി പാർട്ടി വിവരങ്ങൾ ചോർത്താനാണ് ഇഡി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെതിരെ ഇഡി യാതൊരുവിധ ഇലക്ട്രോണിക് തെളിവുകളും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ കെജ്‌രിവാൾ തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ, പിന്നീട് അത് ഓൺ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇഡി ആരോപിച്ചു. കെജ്‌രിവാളിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ ഏതാനും ഇലക്ട്രോണിക് ഡിവൈസുകളും 70,000 രൂപയുമാണ് കണ്ടെത്തിയത്.