മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. സിബിഐ അറസ്റ്റ് റദ്ദാക്കി ജാമ്യം അനുവദിക്കണം എന്നാണ് കേജ്‌രിവാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഇത് അംഗീകരിച്ചില്ല. ഹര്‍ജിയില്‍ സിബിഐക്ക് നോട്ടീസയക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് 23ന് വീണ്ടും പരിഗണിക്കും.
കേസ് റദ്ദാക്കണമെന്ന ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ജാമ്യം തേടി കേജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ചതായി കേജ്‌രിവാളിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ ഏകപക്ഷീയമായി ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇ.ഡി കേസില്‍ കേജ്‌രിവാളിനു സുപ്രിംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. സിബിഐ കേസില്‍ കൂടി ജാമ്യം നേടിയാലേ കേജ്‌രിവാളിനു ജയിലില്‍നിന്ന് ഇറങ്ങാനാകൂ. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കേജ്‌രിവാള്‍ അറസ്റ്റിലായത്.