India
ജയില്‍ മോചനം തേടി കേജ്‌രിവാള്‍ സുപ്രീം കോടതിയില്‍; സിബിഐ അറസ്റ്റ് റദ്ദാക്കണം
മദ്യനയ അഴിമതിക്കസില്‍ സിബിഐ അറസ്റ്റിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സിബിഐ അറസ്റ്റ് ശരിവച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് കേജ്‌രിവാളിന്റെഅഭിഭാഷകനായ മനു അഭിഷേക് സിങ്വി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇഡി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയവേ ജൂണ്‍ 26നാണ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ജൂലായ് 12ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കേജ്‌രിവാളിന് ജയില്‍മോചിതനാകാന്‍ സാധിച്ചില്ല. ഇതോടെ സിബിഐ നടപടിയെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.
കേജ്‌രിവാള്‍ ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാനുളള നീക്കമാണ് സിബിഐ അറസ്റ്റ് എന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ഈ ഉത്തരവിനെതിരെയാണ് കേജ്‌രിവാള്‍ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.