Kerala
കുവൈറ്റ് തീപിടിത്തം: വളരെയധികം വേദനിപ്പിക്കുന്ന ദാരുണമായ സംഭവമെന്ന് സുരേഷ് ഗോപി
കൊച്ചി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വളരെയധികം വേദനപ്പിക്കുന്ന ദാരുണമായ സംഭവമാണ് കുവൈറ്റിൽ നടന്നത്. അതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ സാന്നിധ്യവും ആദ്യദിവസം തന്നെ അറിയിച്ചിരുന്നു. എംഒഎസിൻ്റെ സാന്നിധ്യം ഉപയോഗിച്ച് കൊണ്ട് കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് ആദരിക്കപ്പെടുന്ന സമൂഹമാണ് പ്രവാസി സമൂഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പ്രതികരിച്ചു. രാജ്യത്തിന്റെ മൊത്തം ദുഃഖമാണിതെന്നും വി മുരളീധരൻ പറഞ്ഞു. വിദേശ കാര്യ സഹമന്ത്രി നേരിട്ട് കുവൈറ്റിൽ എത്തി. ചികിത്സയും മറ്റു കാര്യങ്ങളും ഏകോപിപ്പിച്ചു. കുവൈറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതായും മുരളീധരൻ പറഞ്ഞു. രാഷ്ട്രീയ വിവാദമുണ്ടാക്കാനുള്ള ശ്രമം വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ചവരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ വ്യോമയാന വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. 45 മൃതദേഹങ്ങളുമായാണ് വിമാനം കൊച്ചിയിലെത്തുന്നതി. 23 മലയാളികള്‍ ഉള്‍പ്പടെ 31 പേരുടെ മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും. വിമാനത്താവളത്തിൽ പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുമെന്നും കളക്ടർ പറഞ്ഞു.