തിരുവനന്തപുരം: രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് നിരവധി ഘടകകക്ഷികള്‍ രംഗത്തെത്തിയതോടെ വിഷയം എല്‍ഡിഎഫില്‍ കീറാമുട്ടി ആയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന നിലപാടിലാണ് സിപിഐ. ഈയൊരു സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ സിപിഐഎം ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ വിഎസ് അച്യുതാനന്ദന്‍ വഹിച്ചിരുന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് വാഗ്ദാനം ചെയ്തതായാണ് വിവരം. അതോടൊപ്പം 2027ല്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റും നല്‍കാമെന്ന് സിപിഐഎം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്തവണ രാജ്യസഭ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്നാണ് സിപിഐഎം ആവശ്യപ്പെടുന്നത്.
സിപിഐഎം. നേതാവ് എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധിയാണ് ജൂലായ് ഒന്നിന് അവസാനിക്കുന്നത്. ഒഴിവു വരുന്ന സീറ്റുകളിലൊന്ന് ജോസ് കെ. മാണിക്ക് തന്നെ നല്‍കണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം.