Kerala
വോട്ടുചോർച്ച കേരളത്തിലാകമാനം, ത്യാഗം സിപിഐഎമ്മിന്‍റേത്; സിപിഐക്ക് കേരളകോണ്‍ഗ്രസിന്‍റെ മറുപടി
ഇടുക്കി: കേരള കോണ്‍ഗ്രസ് സാന്നിധ്യം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന വിലയിരുത്തലില്‍ സിപിഐക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ്. സിപിഐയുടെ വിലയിരുത്തലിന് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ മാത്രമല്ല വോട്ടുചോര്‍ച്ച ഉണ്ടായത്.
അര്‍ഹിക്കുന്ന പ്രാധാന്യം മുന്നണിക്കുള്ളില്‍ നല്‍കുന്നതിന് ആരും വിഷമിച്ചിട്ട് കാര്യമില്ലെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാല്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലിലും എക്‌സിക്യൂട്ടീവിലുമായിരുന്നു കേരള കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
‘കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ മാത്രമല്ല എല്‍ഡിഎഫില്‍ വോട്ടിന്റെ കുറവ് ഉണ്ടായിരുന്നത്. കേരള കോണ്‍ഗ്രസിന് സ്വാധീനമില്ലാത്ത മേഖലകളിലും എല്‍ഡിഎഫിന്റെ വോട്ടില്‍ കുറവുണ്ടായിട്ടുണ്ട്. അത് ഇടുക്കിയില്‍ മാത്രമല്ല, 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും സംഭവിച്ചിട്ടുണ്ട്. അതാണല്ലോ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോല്‍ക്കാനുണ്ടായ സാഹചര്യം’, റിപ്പോര്‍ട്ടര്‍ ടി വിയോട് സംസാരിക്കവെ ജോസ് പാലത്തിനാല്‍ പറഞ്ഞു.