2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ.മാണിയും കൂട്ടരും ഇടത് മുന്നണിയിലെത്തിയത്. ജോസിൻ്റെ വരവോടെ എൽഡിഎഫിന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വൻ മുന്നേറ്റം കൈവരിക്കാൻ മുന്നണിക്ക് കഴിഞ്ഞു. പക്ഷെ പാലായിൽ ജോസ് കെ.മാണി 15,000ത്തിലധികം വോട്ടിന് പരാജയപ്പെട്ടത് വിജയത്തിൻ്റെ എല്ലാ ശോഭയും കെടുത്തി. 52 വർഷം കെഎം മാണി കൈവശം വെച്ചിരുന്ന മണ്ഡലമാണ് 2021ൽ ജോസിന് നഷ്ടപ്പെട്ടത്. പാല തൻ്റെ രണ്ടാം ഭാര്യയാണെന്നാണ് കെഎം മാണി എന്നും വിശേഷിപ്പിച്ചിരുന്നത്. ആ മണ്ഡലമാണ് ജോസ് കെ.മാണിക്ക് നഷ്ടപ്പെട്ടത്. വെറും തിരഞ്ഞെടുപ്പ് പരാജയം എന്നതിനേക്കാൾ വലിയ രാഷ്ട്രിയ നഷ്ടവുമാണ് ഇത് ജോസിനുണ്ടാക്കിയത്. മുന്നണി അധികാരത്തിലെത്തിയിട്ടും മന്ത്രിയാകാൻ കഴിയാത്ത അവസ്ഥ തീർത്തും അപ്രതീക്ഷിതമായിരുന്നു.
2019ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച തോമസ് ചാഴികാടൻ 1,06,251ൻ്റെ വൻ ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥലത്താണ് ഇത്തവണ വൻ തിരിച്ചടി നേരിട്ടിരിക്കുന്നത്. ജോസ് കെ.മാണിയുടെ പാർട്ടിയുടെ ഭാവിയെന്താകും എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. കേരള കോൺഗ്രസ് രൂപീകരിച്ചതിൻ്റെ അറുപതാം വാർഷികത്തിലാണ് ഇത്ര ദയനീയ തോൽവി പാർട്ടിക്ക് നേരിടേണ്ടി വന്നത്. എല്ലാക്കാലത്തും കെഎം മാണിക്കൊപ്പം നിന്ന രാഷ്ടീയ സുരക്ഷിത കേന്ദ്രങ്ങളാണ് ജോസിനെ കൈവിട്ടത്. കേരള കോൺഗ്രസിന് എന്നും താങ്ങും തണലുമായിരുന്ന കത്തോലിക്കാ സഭയുടെ പിന്തുണ പോലും ജോസിന് നഷ്ടമായി എന്നാണ് ചാഴികാടൻ്റെ പരാജയം സൂചിപ്പിക്കുന്നത്.
ജൂലൈ ഒന്നിന് ഒഴിവ് വരുന്ന രാജ്യസഭ സീറ്റിൽ ഒരെണ്ണം സിപിഎം നൽകിയില്ലെങ്കിൽ ഇന്ത്യാ മുന്നണി സഖ്യത്തിലെ എംപി ഇല്ലാകക്ഷിയായി ജോസ് കെ.മാണിയുടെ കേരള കോൺഗ്രസ് മാറും. ഒഴിവ് വരുന്ന 3 രാജ്യസഭ സീറ്റുകളിൽ 2 എണ്ണത്തിൽ മാത്രമാണ് എൽഡിഎഫിന് ജയിക്കാൻ സാധിക്കുന്നത്. സിപിഐക്ക് ഒരെണ്ണം കൊടുക്കേണ്ടതിനാൽ ജോസ് കെ.മാണിക്ക് സീറ്റ് കിട്ടാനുള്ള സാധ്യത വളരെ വിരളമാണ്. ലോക്സഭാ സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ ഇത് കൂടിയായാൽ പാർട്ടിക്ക് താങ്ങാനാകാത്ത ആഘാതമാകും.
അങ്ങനെ വന്നാൽ ജോസ് കെ.മാണി ഇടതുമുന്നണിയിൽ തുടരുമോ എന്ന് കണ്ടറിയണം. എന്നാൽ പാർട്ടിയുടെ മന്ത്രി റോഷി അഗസ്റ്റിൻ്റെ കാര്യം അങ്ങനെയല്ല. ഇടതുമുന്നണിയുമായി നല്ല ബന്ധത്തിൽ പോകുന്ന റോഷിക്ക് ബന്ധം വേർപെടുത്തി ഇറങ്ങിപ്പോരാൻ എളുപ്പമാകില്ല. അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞാൽ അത് പാർട്ടിയിൽ ഗുരുതര പ്രതിസന്ധി ആയേക്കാം. ജോസ് കെ.മാണിക്ക് ഉചിതമായ പദവികൾ ഏതെങ്കിലും നൽകി സമവായം ഉണ്ടാക്കാൻ എൽഡിഎഫ് ശ്രമിച്ചാലും അതിന് പറ്റിയതൊന്നും നിലവിലില്ല എന്നതാണ് യാഥാർത്ഥ്യം.
കോട്ടയത്ത് ഫ്രാൻസിസ് ജോർജിൻ്റെ വിജയത്തോടെ യഥാർത്ഥ കേരള കോൺഗ്രസ് തൻ്റേതാണെന്ന് പിജെ ജോസഫിന് അവകാശപ്പെടാം. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ജില്ലാ യുഡിഎഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ വിട്ടുപോയിട്ടും ഫ്രാൻസിസ് ജോർജിൻ്റെ ഭൂരിപക്ഷം കുറയ്ക്കാനോ മുന്നണിയെ ക്ഷീണിപ്പിക്കാനോ കഴിഞ്ഞില്ല.