രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കർദ്ദിനാൾ ജോർജ് ജെ കൂവക്കാട്, ആർച്ച് ബിഷപ്പ് തോമസ് തറയിൽ എന്നിവർ. രാഷ്ട്രപതി ഭവനിലെത്തിയ ഇവരെ രാഷ്ട്രപതി, ബൊക്ക നൽകി സ്വീകരിച്ചു.

കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനാണ് കർദ്ദിനാൾ ജോർജ് കൂവക്കാട് ഡൽഹിയിലെത്തിയത്. ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.

കർദ്ദിനാൾ ജോർജ് ജെ കൂവക്കാട്, ആർച്ച് ബിഷപ്പ് തോമസ് തറയിൽ എന്നിവരോടൊപ്പം രാഷ്ട്രപതിയെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജോർജ് കുര്യൻ എക്സിൽ കുറിച്ചു. സന്ദർശനത്തിന്റെ ചിത്രവും അദ്ദേഹം എക്സിൽ പങ്കുവച്ചു.
കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനെ അഭിനന്ദിക്കുകയും ചെയ്തു. ഭാരതത്തിന്റെ പുത്രൻ കർദ്ദിനാളാകുന്നത് രാജ്യത്തിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു

