തൃശൂര്‍: കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്തുകണ്ടുകെട്ടല്‍ നടപടികളെ കുറിച്ച് അറിയില്ലെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. ഇഡി നടപടികളെ കുറിച്ച് വാര്‍ത്തകളില്‍ നിന്നാണ് അറിയുന്നത്. കൂടുതല്‍ അറിയാതെ ഇക്കാര്യത്തില്‍ വിശദീകരിക്കാനില്ലെന്നും ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണനിലയില്‍ ലോക്കല്‍ കമ്മറ്റി ഓഫീസുകളുടെ നിര്‍മാണത്തിന് ജില്ലാ സെക്രട്ടറിയുടെ പേരിലാണ് സ്ഥലം വാങ്ങാറുള്ളതെന്ന് എംകെ വര്‍ഗീസ് പറഞ്ഞു. ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് പാര്‍ട്ടിയെ വേട്ടയാടുകയെന്നത് തന്നെയാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പാര്‍ട്ടി നേരത്തെ തന്നെ പറഞ്ഞതാണ്. കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സ്ഥലം ഉള്‍പ്പെടെ 77.63 ലക്ഷത്തിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളും തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗീസിന്റെ പേരില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫിസിനായി പൊറത്തുശ്ശേരിയില്‍ വാങ്ങിയ അഞ്ച് സെന്റ് സ്ഥലവും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.