Crime
കാട്ടാക്കടയിൽ യുവതിയെയും സുഹൃത്തിനെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിയെയും സുഹൃത്തിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ് (35), സുഹൃത്ത് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ റീജ (45) എന്നിവരാണ് മരിച്ചത്. റീജയെ കിടപ്പുമുറിയിൽ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്.
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ഇതേ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എട്ടു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന റീജയുടെ കൂടെയായിരുന്നു പ്രമോദിന്റെ താമസം. റീജക്ക് രണ്ട് കുട്ടികൾ ഉണ്ട്.
കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചു വരികയാണ് റീജ. റീജയെ കാണാനില്ലെന്നു കാട്ടാക്കട സ്റ്റേഷനില്‍ റീജയുടെ മക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.