സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി കത്തോലിക്കാ മെത്രാന്‍ സമിതി. സ്വവര്‍ഗ്ഗാനുരാഗത്തിനു വേണ്ടി വാദിക്കുന്ന സിനിമക്ക് മികച്ച ചലച്ചിത്രമെന്ന പുരസ്‌കാരം നല്‍കിയതിലാണ് എതിര്‍പ്പ് ഉന്നയിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായ കാതല്‍ ദ കോര്‍ എന്ന ചിത്രത്തിന് ബഹുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഈ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കണമെന്ന് കെസിബിസി ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.
സ്വവര്‍ഗാനുരാഗം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും, ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ അംഗീകരിക്കണം എന്നുമുള്ള ആശയമാണ് കാതല്‍ എന്ന സിനിമ മുന്നോട്ടുവക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവര്‍ഗ്ഗ ലൈംഗികത എന്ന പുരോഗമനപരമായ ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടുപോകുന്നത്.
മറ്റെല്ലാവരും സ്വവര്‍ഗ്ഗ ലൈംഗികതയെ അസ്വാഭാവികമായി കാണുമ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം നായകനെ ചേര്‍ത്തുപിടിക്കുകയാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കലാലയങ്ങളില്‍ വഴിവിട്ടതും, പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങള്‍ നടന്നുവരുന്ന ഈ കാലഘട്ടത്തില്‍ ഈ സിനിമക്ക് ലഭിച്ച അവാര്‍ഡ് യാദൃശ്ചികമല്ലെന്നും കെസിബിസി വിമര്‍ശിക്കുന്നു.