ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ സൈന്യത്തിൻ്റെ ആക്രമണം. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഇന്ന് നടത്തിയ വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ഒരു പ്രകോപനമില്ലാതെയാണ് പാക് സൈന്യം വെടിയുതിർത്തത്.
പുലർച്ചെ രണ്ടരയോടെയാണ് നിയന്ത്രണരേഖയിലെ അഖ്നൂർ പ്രദേശത്ത് ആക്രമണമുണ്ടായത്. ഉടൻ തന്നെ തിരിച്ചടി നൽകിയതായും സൈന്യം അറിയിച്ചു. പാകിസ്താൻ്റെ ഭാഗത്തെ നാശനഷ്ടങ്ങൾ വെളിവായിട്ടില്ല. സൈന്യം അതീവ ജാഗ്രതയിലാണെന്നും അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും മറ്റ് എല്ലായിടത്തും സുരക്ഷ ക്രമീകരണങ്ങൾ നടത്തിയതായും ബിഎസ്എഫ് വക്താവ് അറിയിച്ചു.
2021 ഫെബ്രുവരി 25ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാർ പുതുക്കിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ലംഘനം വളരെ അപൂർവമാണ്. കഴിഞ്ഞ വർഷം രാംഗഡ് മേഖലയിൽ പാകിസ്താൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു.
ഈ മാസം 18 മുതൽ മൂന്ന് ഘട്ടമായി നടക്കുന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിന് ദിവസങ്ങൾക്ക് മുമ്പാണ് ഏറ്റവും പുതിയ വെടിനിർത്തൽ ലംഘനം. സെപ്തംബർ 25 നും ഒക്ടോബർ ഒന്നിനും തിരകേന്ദ്ര ഭരണ പ്രദേശത്ത് തിരഞ്ഞെടുപ്പ് നടക്കും.