Kerala
രക്ഷിതാക്കൾ വോട്ട് ചെയ്യുമെന്നു വിദ്യാർഥികൾ ഒപ്പിട്ട് നൽകണം! സത്യവാങ്മൂലം വിവാദത്തിൽ
കാസർക്കോട്: ജില്ലയിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്നു സത്യവാങ്മൂലത്തിൽ ഒപ്പിടണമെന്ന കാസർക്കോട് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം വിവാദത്തിൽ. ഇതിനെതിരെ പ്രതിഷേധം ഉയരുകയാണ്.
തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താമെന്ന സത്യവാങ്മൂലത്തിൽ രക്ഷിതാവും വിദ്യാർഥിയും ഒപ്പിടണമെന്നാണ് ഭരണകൂട നിർദ്ദേശം. ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി കൈമാറിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് ചെയ്യാൻ വീട്ടുകാരെ പ്രേരിപ്പിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു എന്നു എഴുതി വിദ്യാർഥി ഒപ്പിടണം. ഉത്തരവാദിത്വപ്പെട്ട പൗരൻ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുമെന്നു പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം. 26നു ജില്ലയിലെ മുഴുവൻ വിദ്യാർഥികളും നിശ്ചിത മാതൃകയിൽ പ്രതിജ്ഞ തയ്യാറാക്കണെന്നാണ് നിർദ്ദേശം.