കോണ്‍ഗ്രസ് നേതാവിനെതിരെ ഫേസ്ബുക്കില്‍ അസഭ്യ പരാമര്‍ശവുമായി രാജ് മോഹന്‍ ഉണ്ണിത്താന്. കാസര്‍കോഡ് കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായിരിക്കുന്നതിനിടെയാണ് ഫേസ്ബുക്കിലെ അസഭ്യം വിളിച്ചതിന്റെ സ്ക്രീന്‍ ഷോട്ട് പുറത്ത് വന്നത്. കോണ്‍ഗ്രസിലെ പരസ്യ പോരിന്റെ തുടര്‍ച്ചായി ഉണ്ണിത്താന് നാളെ മാധ്യമങ്ങളെ കാണും.
കെപിസിസി മൈനോറിറ്റി വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ദേശീയ സെക്രട്ടറി കൂടിയായ ഡാര്ലിന് ജോര്‍ജ് കടവനെയാണ് രാജ്മോഹന്‍ ഉണ്ണിത്താന് ഫേസ് ബുക്കില്‍ അധിക്ഷേപിച്ചത്. ഡാര്ലിന് ജോര്‍ജ് കടവന്റെ പുതിയ പ്രൊഫൈല്‍ ഫോട്ടോക്ക് താഴെയാണ് ഉണ്ണിത്താന്റെ ഫേസ് ബുക്ക് വെരിഫൈഡ് പേജിലൂടെ ‘പരമ നാറി’ എന്ന് വിളിച്ചുള്ള കമന്റ് വന്നത്.
ഇതിന് താഴെ ഉണ്ണിത്താന് പിരിയിളകി തുടങ്ങിയോ എന്ന കമന്റുമായി ചിലരെത്തി. സംഭവം വിവാദമായതോടെ കമന്റ് പിന്നീട് ഡിലീറ്റ് ചെയ്തു. തെരഞ്ഞെടുപ്പിന് പിന്നാലെ, പരാജയഭീതിയിലായ ഉണ്ണിത്താന് എതിര്‍വിഭാഗത്തിലെ നേതാക്കളെ അധിക്ഷേപിക്കുന്നത് തുടരുകയാണ്.