Kerala
കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം ജില്ലാ സെക്രട്ടറി അകത്താകുമോ; ഇഡി നീക്കത്തില്‍ ആശങ്കയോടെ സിപിഎം
കരുവന്നൂർ ബാങ്ക് കള്ളപ്പണമിടപാട് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ ശക്തമാക്കിയതോടെ സിപിഎം ആശങ്കയില്‍. കേസില്‍ തൃശൂർ ജില്ലാ സെക്രട്ടറിയുടെ അറസ്റ്റ് ഉള്‍പ്പെടെ വരുമോ എന്നാണ് പാര്‍ട്ടി ഭയക്കുന്നത്. തട്ടിപ്പുകേസില്‍ സിപിഎമ്മിനെ പ്രതിയാക്കിയത് ഇഡിയുടെ അപ്രതീക്ഷിത നീക്കമായിരുന്നു. ഇതോടെ എം.എം.വർഗീസുൾപ്പെടെയുള്ളവരെ പ്രതിയാക്കാന്‍ ഇഡിക്ക് കഴിയും.
ജില്ലാ സെക്രട്ടറി തന്നെ കരുവന്നൂര്‍ പോലൊരു തട്ടിപ്പ് കേസില്‍ അറസ്റ്റിലായാല്‍ അത് പാര്‍ട്ടിക്ക് സൃഷ്ടിക്കുന്ന ആഘാതം ചില്ലറയല്ല. സിപിഎമ്മിനെ പ്രതിയാക്കിയത് ഇഡി തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിക്കും. ഇതും ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇഡി നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണ് സിപിഎം.
അനധികൃത വായ്പകളില്‍ നിന്നും പാര്‍ട്ടി വിഹിതം കൈപ്പറ്റിയതാണ് സിപിഎമ്മിനെ പ്രതി ചേര്‍ക്കാന്‍ കാരണം. ആ പണം കൊണ്ടാണ് പാർട്ടി ഓഫീസ് പണിയാൻ ജില്ലാ സെക്രട്ടറിയുടെ പേരിൽ സ്ഥലം വാങ്ങിയത്. സിപിഎമ്മിന്റെ അനുവാദത്തോടെയാണ് അനധികൃത വായ്പകള്‍ അനുവദിച്ചതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ വിവിധ ലോക്കൽ കമ്മിറ്റികളുടെ വെളിപ്പെടുത്താത്ത എട്ട് അക്കൗണ്ടുകളിലെ 63.62 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്. പാർട്ടിയുടേയും മറ്റു വ്യക്തികളുടേതും അടക്കം കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത് 29.29 കോടി രൂപയുടെ സ്വത്തുക്കളാണ്.