Kerala
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്, 10.98 കോടിയുടെ സ്വത്തുവകകൾ ഇ.ഡി. കണ്ടുകെട്ടി
തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പ്രതികളുടെ 10.98 കോടിയുടെ രൂപയുടെ സ്വത്തുവകകൾ കൂടി ഇ.ഡി കണ്ടുകെട്ടി. ഇതോടെ പ്രതികളുടെ 150 കോടി ആണ് ഇ.ഡി കണ്ടുകെട്ടിയത്. സ്ഥലവും കെട്ടിടങ്ങളും അടക്കം 24 സ്വത്തുക്കളും 50.53 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത 16 കേസുകൾ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി നടപടിയെടുത്തത്.
കൃത്യമായ രേഖകളില്ലാതെ ബെനാമി വായ്പകൾ നൽകി പ്രതികൾ ബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണ് കേസ്. സാമ്പത്തിക തട്ടിപ്പിൽ സിപിഎം നേതാക്കളും പാർട്ടിയും കക്ഷിയായതോടെ കേസിനു വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചു. കേസിൽ ഇതുവരെ 150 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
കരുവന്നൂരില്‍ ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. ഇതിൽ പലതിലും വായ്പയേക്കാൾ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇ ഡി ആരംഭിച്ചിരുന്നു. കേസിലെ അന്തിമ കണ്ടുകെട്ടല്‍ നടപടിയാണ് ഇന്ന് ഉണ്ടായത്.