Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡിക്കെതിരെ സിപിഐഎം

Posted on

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡിക്കെതിരെ സിപിഐഎം രംഗത്ത്. കരുവന്നൂർ ബാങ്കിൻ്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും ഇ ഡി കള്ളങ്ങൾ പ്രചരിപ്പിക്കുന്നുവെന്നുമാണ് സിപിഐഎം ആരോപണം. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടേതെന്ന പേരിൽ തുടർച്ചയായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കരുവന്നൂരിൽ ക്രമക്കേടുകൾ നടത്തിയതിന് സിപിഐഎം പുറത്താക്കിയ രണ്ടു പേരെ മാപ്പുസാക്ഷികളാക്കിയാണ് കേന്ദ്ര ഏജൻസി കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്. ലോൺ നൽകുന്നതിന് ഒരു സഹകരണ ബാങ്കിലും സിപിഐഎം തീരുമാനമെടുത്ത് നൽകാറില്ല. എന്തെങ്കിലും നിർദ്ദേശങ്ങളും നൽകാറില്ല. അതിൻ്റെ ആവശ്യവുമില്ല എന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളാണ് ഇക്കാര്യങ്ങളിലെല്ലാം തീരുമാനം എടുക്കാറുള്ളതെന്നും അങ്ങനെ മാത്രമാണ് കരുവന്നൂർ ബാങ്കിലും ഉണ്ടായിട്ടുള്ളതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

പാർട്ടി ഫണ്ടിന്റെ കാര്യത്തിലും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഇ ഡി പ്രചരിക്കുന്നതെന്നും പത്രക്കുറിപ്പിൽ സിപിഐഎം വ്യക്തമാക്കുന്നു. ക്യത്യമായ വരവ് ചെലവുകൾ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന പാർട്ടിയാണ് സിപിഐഎം. ഇലക്ട്രറൽ ബോണ്ടിൻ്റെ പേരിൽ ആയിരക്കണക്കിന് കോടി രൂപ സമാഹരിച്ച് അത് വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ പോലും പെടുത്താതെ ദുരൂഹമായി കൈകാര്യം ചെയ്യുന്ന കേന്ദ്ര ഭരണകക്ഷിയെ വെള്ള പൂശുന്നതിനാണ് ഇ ഡി ശ്രമിക്കുന്നത്. തെറ്റായ പ്രചാരണങ്ങൾ തുടർച്ച യായി നടത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version