മൈസൂരു വികസന അതോറിറ്റി ഭൂമി കുംഭകോണക്കേസില്‍ നടക്കുന്നത് ബിജെപിയുടെ ഗൂഢാലോചനയാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജുഡീഷ്യറിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്. അവിടെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമെന്നും സിദ്ധരാമയ്യ ഇന്ന് പ്രതികരിച്ചു.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കൈയേറിയെന്നാണ് ആരോപണം. മലയാളിയായ ടി.ജെ.എബ്രഹാം, പ്രദീപ് കുമാര്‍, സ്‌നേഹമയി കൃഷ്ണ എന്നിവരാണ് സിദ്ധരാമയ്യയ്‌ക്കെതിരെ പരാതി നല്‍കിയത്. ഈ കേസില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ നിന്നും സിദ്ധരാമയ്യ സ്റ്റേ നേടിയിട്ടുണ്ട്.
ഓഗസ്റ്റ് 29ന് കേസിന്റെ അടുത്ത വിചാരണ വരെ സിദ്ധരാമയ്യയ്‌ക്കെതിരെ നടപടിയെടുക്കരുതെന്നാണ് കര്‍ണാടക ഹൈക്കോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.