മൈസൂരു നഗര വികസന അതോറിറ്റി (മുഡ)യ്ക്കു കീഴിലുള്ള ഭൂമികൈമാറ്റത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നല്കി. മൂന്ന് വ്യക്തികൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ഇന്ന് രാവിലെ പ്രോസിക്യൂഷൻ അനുവദിച്ചത്. സിദ്ധാ രാമയ്യയുടെ പ്രതികരണം ലഭ്യമായിട്ടില്ല. പ്രോസിക്യൂഷൻ ഉറപ്പായ സാഹചര്യത്തിൽ അദ്ദേഹം രാജിവയ്ക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
മൈസൂരു നഗര വികസനത്തിൻ്റെ ഭാഗമായുള്ള ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയിലാണ് ക്രമക്കേട്. മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു ഔട്ടർ റിങ് റോഡിൽ കേസരയിൽ സ്ഥിതിചെയ്യുന്ന നാല് ഏക്കർ ഭൂമിഈ പദ്ധതി പ്രകാരം മൈസൂരു നഗരവികസന അതോറിറ്റിക്കു നൽകിയിരുന്നു. പകരം നൽകിയത് വൻ മൂല്യമുള്ള ഭൂമിയാണെന്നും അവർ വിട്ടുനൽകിയ ഭൂമിയേക്കാൾ പലമടങ്ങ് വിലപിടിപ്പുള്ളതാണ് എന്നുമാണ് പരാതി. ഈ ക്രമക്കേടിൻ്റെ പേരിലാണ് ഗവർണർക്ക് മുന്നിൽ പരാതിയെത്തിയത്.
ടി.ജെ. ഏബ്രഹാം എന്ന വ്യക്തിയാണ് ആദ്യം ഗവർണർക്ക് പരാതി നൽകിയത്. ഇതേ വിഷയങ്ങൾ ഉന്നയിച്ച് ഒരാഴ്ചയായി ബിജെപിയും ജെഡിഎസും പ്രതിഷേധ സമരത്തിലാണ്.