ഭൂമി അഴിമതിക്കേസില്‍ തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുളള ശ്രമമാണ് നടത്തുന്നത്. അതിനായി ബിജെപിയും ജെഡിഎസും ഗൂഡാലോചന നടത്തുകയാണ്. ബിജെപിയുടെ കളിപ്പാവയായ ഗവര്‍ണർ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയെ നിയമപരമായി നേരിടുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
പാര്‍ട്ടിയും എംഎല്‍എമാരും എംപിമാരുമെല്ലാം ഒപ്പമുണ്ട്. ഈ ആരോപണത്തെ നേരിടുക തന്നെ ചെയ്യും. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാലിക്കുന്നുണ്ട്. അതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. മൈസൂരു നഗര വികസന അതോറിറ്റിക്ക് കീഴിലുള്ള ഭൂമികൈമാറ്റത്തില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കിയത്.
മൈസൂരു നഗര വികസനത്തിന്റെ ഭാഗമായുള്ള ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്ന വ്യക്തികള്‍ക്കു പകരം ഭൂമി മറ്റൊരിടത്തു നല്‍കുന്ന പദ്ധതിയിലാണ് ക്രമക്കേട്. മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതിയുടെ പേരില്‍ മൈസൂരു ഔട്ടര്‍ റിങ് റോഡില്‍ കേസരയില്‍ സ്ഥിതിചെയ്യുന്ന നാല് ഏക്കര്‍ ഭൂമിഈ പദ്ധതി പ്രകാരം മൈസൂരു നഗരവികസന അതോറിറ്റിക്കു നല്‍കിയിരുന്നു. പകരം നല്‍കിയത് വന്‍ മൂല്യമുള്ള ഭൂമിയാണെന്നും അവര്‍ വിട്ടുനല്‍കിയ ഭൂമിയേക്കാള്‍ പലമടങ്ങ് വിലപിടിപ്പുള്ളതാണ് എന്നുമാണ് പരാതി.