ബംഗളൂരു: മുഡ ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചുനല്‍കാന്‍ തയ്യാറായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ. തന്റെ കുടുംബത്തിനെതിരെയുള്ള കേസുകളുടെ കേന്ദ്രമായ ഭൂമി തിരിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുഡയ്ക്ക് (മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി) ബി എന്‍ പാര്‍വതി കത്ത് നല്കി. തന്റെ മനഃസാക്ഷിക്ക് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘ഭൂമി തിരികെ നല്‍കുന്നതിനൊപ്പം, മുഡയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു,’- ബി എന്‍ പാര്‍വതി പറഞ്ഞു.
ഇന്നലെ സിദ്ധരാമയ്യക്ക് എതിരെ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുഡ ഭൂമിയിടപാട് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം ചുമത്തിയാണ് സിദ്ധരാമയ്യ അടക്കം നാല് പേര്‍ക്കെതിരെ ഇഡി പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ കര്‍ണാടക ലോകായുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മുഡ ഭൂമിയിടപാട് കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിദ്ധരാമയ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് വിവാദ ഭൂമി തിരികെ നല്കാന് തയ്യാറാണെന്ന് ബി എന്‍ പാര്‍വതി അറിയിച്ചത്.കേസരെ വില്ലേജിലെ 3.16 ഏക്കര്‍ ഭൂമിക്ക് പകരമായി വിജയനഗര്‍ ഫേസ് 3, 4 എന്നിവയില്‍ തനിക്ക് അനുവദിച്ച 14 പ്ലോട്ടുകള്‍ തിരികെ നല്‍കാമെന്നാണ് പാര്‍വതി കത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
‘എനിക്ക് മൈസൂരു നഗരവികസന അതോറിറ്റി അനുവദിച്ച 14 പ്ലോട്ടുകളുടെ രേഖകള്‍ റദ്ദാക്കി തിരികെ നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാനും പ്ലോട്ടുകളുടെ കൈവശാവകാശം മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിക്ക് കൈമാറുന്നു. ദയവായി എത്രയും വേഗം ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക,’- കത്തില്‍ പറയുന്നു.