India
‘പാകിസ്ഥാന്റെ ചതിക്കെതിരായ വിജയം; ഭീകരവാദം അടിച്ചമര്‍ത്തും’; കാര്‍ഗില്‍ യുദ്ധവിജയ സ്മരണയില്‍ രാജ്യം
ശ്രീനഗര്‍: കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് മരണമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഒരോ സൈനികന്റെയും ത്യാഗം രാജ്യം ഓര്‍ക്കുന്നുവെന്നും മോദി പറഞ്ഞു. കാര്‍ഗില്‍ യുദ്ധവിജത്തിന്റെ 25ാം വാര്‍ഷിക ദിനത്തില്‍ ദ്രാസിലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കാര്‍ഗിലിലേത് കേവലം യുദ്ധവിജയം മാത്രമല്ല, പാകിസ്ഥാന്റെ ചതിക്കെതിരായ ജയമാണെന്നും മോദി പറഞ്ഞു. കാര്‍ഗില്‍ വെറും വിജയദിവസമല്ല സത്യത്തിന്റെ വിജയദിവസമാണ്. സത്യത്തിന് മുന്നില്‍ ഭീകരവാദം തകര്‍ന്നു. അവര്‍ അനുഭവത്തില്‍ നിന്ന് ഒന്നും പഠിച്ചില്ല. പാകിസ്ഥാന്‍ ഭീകരവാദം ഉപയോഗിച്ച് രാജ്യത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. അവരോട് ഒരുകാര്യം തീര്‍ത്തുപറയുകയാണ്. ഭീകരവാദം കൊണ്ട് ഒരിക്കലും വിജയിക്കാനാകില്ലെന്നും ഇന്ത്യന്‍ സൈന്യം അത് പൂര്‍ണമായും അടിച്ചമര്‍ത്തുമെന്നും മോദി പറഞ്ഞു.
യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധിപ്പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.