Kerala
കടുവയുടെ കരളിലും കുടലിലും അണുബാധ; സമ്മർദ്ദവും മരണകാരണമായെന്ന് റിപ്പോർട്ട്
കണ്ണൂർ: കൊട്ടിയൂരിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തത് അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്. കടുവയുടെ കരളിലും കുടലിലും അണുബാധയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കമ്പിവേലിയിൽ കുടുങ്ങിയപ്പോൾ ഉണ്ടായ സമ്മർദ്ദവും മരണകാരണമായി.
ഇന്നലെ രാത്രി എട്ടരയോടെയാണ് കണ്ണൂരില്‍ നിന്നും കടുവയെ പിടികൂടുന്നത്. തൃശൂരിലെ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെയാണ് കടുവ ചത്തത്. വലതു ഭാഗത്തെ പല്ലു പോയതിനാൽ കാട്ടിൽ വിടാൻ കഴിയില്ലാത്തതു കൊണ്ടാണ് കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റാൻ വനം വകുപ്പ് തീരുമാനിച്ചത്.
കൊട്ടിയൂരിൽ നിന്ന് ഇന്നലെ രാത്രി 9 മണിയോടെ തൃശൂരിലേക്ക് കടുവയുമായി വനം വകുപ്പ് സംഘം പുറപ്പെടുകയായിരുന്നു. കൊണ്ടോട്ടിയിൽ വച്ച് കടുവ അനങ്ങുന്നില്ലെന്ന് മനസിലാക്കിയ വെറ്റിനറി ഡോക്ടർമാരുടെ സംഘം വിശദ പരിശോധന നടത്തിയപ്പോഴാണ് കടുവ ചത്തുവെന്ന് ഉറപ്പിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.