ന്യൂഡല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ഥിയും നടിയുമായ കങ്കണ റണാവത്തിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അപകീര്‍ത്തികരമായ പോസ്റ്റുകളില്‍ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. കോണ്‍ഗ്രസ് നേതാക്കളായ എച്ച്എസ് ആഹിര്‍, സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.
ഇത്തരം പെരുമാറ്റങ്ങള്‍ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തതാണെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. സ്ത്രീകളോടുള്ള ബഹുമാനവും ആദരവും ഉയര്‍ത്തിപ്പിടിക്കണമെന്നും കമ്മീഷന്‍ എക്‌സില്‍ കുറിച്ചു.
ബിജെപിയുടെ അഞ്ചാം സ്ഥാനാര്‍ഥി പട്ടികയിലാണ് കങ്കണ ഇടംപിടിച്ചത്. ഇതിന് ശേഷമാണ് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് കങ്കണയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചത്. പോസ്റ്റ് വിവാദമായതോടെ പിന്നീട് ഡിലീറ്റ് ചെയ്തു. എല്ലാ സ്ത്രീകളും സമൂഹത്തില്‍ അന്തസ്സ് അര്‍ഹിക്കുന്നുണ്ടെന്ന് കങ്കണ എക്‌സിലൂടെ മറുപടി പറഞ്ഞു. തന്റെ അറിവോടെ അല്ല പോസ്റ്റ് ചെയ്തതെന്നും അക്കൗണ്ട് അക്‌സസ് ഉള്ളവരാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ചതെന്നും സുപ്രിയ വിശദീകരണം നല്‍കിയിരുന്നു.