Kerala
ഭാസുരാംഗനെതിരെ പരാതിയുമായി സഹകരണവകുപ്പ്; പരാതി രണ്ട് വർഷത്തിന് ശേഷം
തിരുവനന്തപുരം: കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയ എൻ ഭാസുരാംഗനെതിരെ രണ്ട് വർഷത്തിന് ശേഷം പൊലീസിൽ സഹകരണ വകുപ്പിൻ്റെ പരാതി. ഭാസുരാംഗൻ 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാറുടെ പരാതിയിൽ മാറനെല്ലൂർ പൊലീസ് കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ഭാസുരാംഗനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വർഷം മുമ്പ് 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സഹകരണ വകുപ്പ് തന്നെ കണ്ടെത്തിയിട്ടും ഇത്രകാലം ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
രണ്ടുവർഷം മുമ്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടും സഹകരണ വകുപ്പ് ക്രിമിനൽ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. ഒടുവിൽ ഇഡിയുടെ കസ്റ്റഡിയിലായ ശേഷമാണ് 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സ്ഥിരീകരിച്ച് സഹകരണ വകുപ്പ് പൊലീസിൽ പരാതി നൽകുന്നതും പൊലീസ് കേസെടുക്കുന്നതും.
2005 മുതൽ എൻ ഭാസുരാംഗൻ കണ്ടല ബാങ്കിൽ നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തിയ റിപ്പോർട്ട് സഹകരണ വകുപ്പിൻ്റെ കയ്യിലെത്തിയിട്ട് വർഷം രണ്ട് കഴിഞ്ഞു. ഭാസുരാംഗനെ സംരക്ഷിക്കാൻ ഇഡി വരുന്നത് വരെ ആ റിപ്പോർട്ട് സഹകരണ വകുപ്പ് പൂഴ്ത്തി. ഇത്ര വലിയ ക്രമക്കേട് നടത്തിയിട്ടും സഹകരണ വകുപ്പ് പൊലീസിൽ പരാതി കൊടുക്കാൻ പോലും തയ്യാറായില്ല. പണം നഷ്ടപ്പെട്ട നിക്ഷേപകർ കൊടുത്ത പരാതിയിൽ ഇതിനകം 60 ലേറെ കേസുകൾ മാറനെല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിൽ ഒന്നും സംഭവിച്ചില്ല.