തിരുവനന്തപുരം: ചലച്ചിത്ര നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിലൂടെയാണ് കനകലത സിനിമയിലേക്ക് എത്തുന്നത്. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
1964-ൽ കൊല്ലം ജില്ലയിൽ പരമേശ്വരൻ പിള്ള – ചിന്നമ്മ ദമ്പതികളുടെ മകളായാണ് കനകലതയുടെ ജനനം. കൊല്ലം ഗവൺമെൻ്റ് ഗേൾസ് സ്കൂളിലായിരുന്നു കനകലതയുടെ വിദ്യാഭ്യാസം. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കനകലത സിനിമയിലേക്ക് പ്രവേശിക്കുന്നത്. പി എ ബക്കർ സംവിധാനം ചെയ്ത ഉണർത്തുപാട്ടായിരുന്നു ആദ്യചിത്രം. എന്നാൽ ആ സിനിമ റിലീസായില്ല. തുടർന്ന് ലെനിൻ രാജേന്ദ്രന്റെ ചില്ലിലൂടെയാണ് നടി സിനിമയിൽ സജീവമാകുന്നത്.
രാജാവിന്റെ മകൻ, കിരീടം, അപ്പു, ഇൻസ്‌പെക്ടർ ബൽറാം, കൗരവർ, മാനത്തെ കൊട്ടാരം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, പ്രിയം തുടങ്ങി മുന്നൂറോളം സിനിമകളിൽ കനകലത അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമകളിലും കനകലത സജീവമായിരുന്നു. സിനിമ-സീരിയൽ താരങ്ങളുൾപ്പെട്ട ഹലോ മലയാളി എന്നൊരു ട്രൂപ്പും കനകലത നടത്തിയിരുന്നു.