വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ ആദ്യ അവസാനം ഓടി നടന്ന് പ്രവര്‍ത്തിച്ച കൽപറ്റ എംഎല്‍എയായ ടി സിദ്ധിഖിന്റെ പ്രവര്‍ത്തനം എല്ലാവരും അഭിനന്ദിച്ചതാണ്. ദുരന്തമുണ്ടായ ഉടന്‍ സ്ഥലത്ത് എത്തിയ സിദ്ധിഖ് ഇന്ന് ഇതുവരേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എംഎല്‍എ കെയര്‍ എന്ന പേരില്‍ പ്രത്യേക പദ്ധതിക്ക് തന്നെ രൂപംനല്‍കി. ആദ്യഘട്ടത്തില്‍ അവശ്യ വസ്തുക്കളുമായാണ് എംഎല്‍എ കെയര്‍ കിറ്റ് ദുരന്തബാധിതരെ തേടിയെത്തിയത്. ഇപ്പോള്‍ അത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറിയിട്ടുണ്ട്.
എന്നാല്‍ സ്വന്തം ഫോട്ടോ പ്രിന്റ് ചെയ്ത സഞ്ചിയില്‍ എംഎല്‍എ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്. ഇടത് ഹാന്‍ഡിലുകളിലാണ് വിമര്‍ശനങ്ങള്‍ ഏറെയും ഉയരുന്നത്. ദുരന്തഭൂമിയിലും രാഷ്ട്രീയ നേട്ടത്തിൽ കണ്ണുവച്ചാണ് പ്രവര്‍ത്തനമെന്നാണ് വിമര്‍ശനങ്ങള്‍. ഇമേജ് നന്നാക്കാനാണ് ശ്രമം. എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ ദുരവസ്ഥ ചൂഷണം ചെയ്യുന്ന അല്‍പ്പന്‍ എന്നിങ്ങനെയെല്ലാം രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് പദ്ധതിയെ കുറിച്ച് കോണ്‍ഗ്രസ് നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങളും പലരും എംഎല്‍എ കെയര്‍ പരിപാടിയുടെ പോസ്റ്റുകള്‍ക്ക് താഴെയായി പോസ്റ്റ് ചെയ്യുന്നുണ്ട്.
വിമര്‍ശനങ്ങളും ട്രോളുകളും നിറയുന്നുണ്ടെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെ പ്രവര്‍ത്തനങ്ങളുമായി ടി സിദ്ധിഖ് മുന്നോട്ടു പോവുകയാണ്. എംഎല്‍എ കെയറിന്റെ ഭാഗമായി ‘റീ സ്‌റ്റോര്‍ വയനാട്’ എന്ന പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. എല്ലാം നഷ്ടപ്പെട്ട ദുരന്തബാധിതര്‍ ക്യാംപില്‍ നിന്നും മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറുമ്പോള്‍ ആവശ്യമായ വീട്ടുസാധനങ്ങള്‍ എത്തിക്കാനാണ് ശ്രമം. ഗ്യാസ് സ്റ്റൗ, കുക്കര്‍, പാത്രങ്ങള്‍, അരി, പഞ്ചസാര തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍, ബെഡ്, കട്ടില്‍, ചെയര്‍, ബക്കറ്റ്, തുടങ്ങിയ എല്ലാ സാധനങ്ങളും ശേഖരിക്കുകയാണ്. നാല് ഗോഡൗണുകളിലായാണ് ഇതെല്ലാം സംഭരിക്കുന്നത്. മേപ്പാടിയില്‍ ‘RESTORE’ എന്ന പേരില്‍ ഒരു സ്റ്റോര്‍ തുറന്നിട്ടുണ്ട്. ഈ സ്റ്റോറില്‍ നിന്ന് ദുരന്തബാധിതര്‍ക്ക് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഇഷ്ടംപോലെ എടുക്കാം.