Kerala
വിവാഹദിവസം മോഷണം പോയ വധുവിന്റെ 25 പവന്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍; കണ്ടുകിട്ടിയത് വീട്ടുമുറ്റത്തുനിന്നും
വിവാഹദിവസം വീട്ടില്‍ നിന്നും മോഷണം പോയ 25 പവന്‍ ആഭരണങ്ങള്‍ തിരികെ ലഭിച്ചു. വീട്ടിന്റെ മുറ്റത്ത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങള്‍ ഇന്ന് കണ്ടെത്തിയത്. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം.
ഉത്രാട ദിവസമായിരുന്നു വിവാഹം. ആഭരണങ്ങള്‍ റൂമില്‍ അഴിച്ചുവച്ച ശേഷമാണ് വിവാഹസത്ക്കാരത്തിനായി വധു ഹാളിലേക്ക് പോയത്. തിരിച്ചുവന്നപ്പോള്‍ ആഭരണങ്ങള്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
പോലീസ് അന്വേഷണം തുടങ്ങിയിരിക്കെയാണ് ആഭരണങ്ങള്‍ വീട്ടുമുറ്റത്ത് നിന്നും ലഭിച്ചത്. മുഴുവന്‍ ആഭരണങ്ങളും കവറിലുണ്ട്. ആരാണ് ആഭരണം കവര്‍ന്നതെന്നതിനെ കുറിച്ച് സൂചനകളില്ല. മാറനല്ലൂര്‍ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. വീടുമായി അടുപ്പമുള്ളവരാരോ ആണ് ആഭരണം കവര്‍ന്നതെന്ന നിഗമനമാണ് പോലീസിനുള്ളത്. പരാതിയുള്ളതിനാല്‍ പോലീസ് അന്വേഷണം തുടരുന്നുണ്ട്.