കൊച്ചി: കളമശ്ശേരിയില്‍ ഇന്ന് രാവിലെയുണ്ടായത് അതിശക്തമായ മഴ. ചുരുങ്ങിയ സമയത്തില്‍ പെയ്ത ശക്തമായ മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമെന്ന് സംശയം. കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. കുസാറ്റിലെ മഴമാപിനിയിലാണ് തീവ്രത രേഖപ്പെടുത്തിയത്. കൊച്ചിയിലേത് മേഘ വിസ്‌ഫോടനമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് കുസാറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതേ തീവ്രതയില്‍ മഴ രണ്ട് ദിവസം കൂടി തുടര്‍ന്നേക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. നിലവിലെ മഴ കാലവര്‍ഷത്തിന്റെ ഭാഗമല്ല. വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് നിലവിലെ കനത്ത മഴയ്ക്ക് കാരണം. അറബിക്കടലില്‍ മഴമേഘങ്ങളുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
അതേസമയം രാവിലെ പെയ്ത മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കാക്കനാട് വാഴക്കാല മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങി. മാര്‍ക്കറ്റില്‍ മീന്‍, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ വെള്ളത്തില്‍ നശിച്ചു.
ആലുവ-ഇടപ്പള്ളി റോഡിലും സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. വൈറ്റില, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. ആര്‍ക്കും പരിക്കില്ല.