കണ്ണൂർ: കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണം. അതിന് പൊലീസിന് കഴിയും എന്നാണ് പ്രതീക്ഷയെന്നും ഇതിനുശേഷം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും എം വി ജയരാജൻ പറഞ്ഞു. എന്നാൽ അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിൻ്റെ അഡ്മിനായ ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരെ നടപടിഎടുക്കുമോ എന്ന ചോദ്യത്തിന് എം വി ജയരാജൻ പ്രതികരിച്ചില്ല.
കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ ഇടതുമുന്നണി സമ്മർദ്ദത്തിലായിരിക്കുകയാണ്. കോൺഗ്രസും യൂത്ത് കോൺഗ്രസും വലിയ വിമർശനമാണ് പാർട്ടിക്കെതിരെ ഉന്നയിക്കുന്നത്. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയും മുൻ എംഎൽഎ കെ കെ ലതികയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ആവശ്യപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡിവൈഎഫ്ഐ നേതാവ് റിബേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിവൈഎഫ്ഐ 25 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. അതിൽ നിന്ന് തന്നെ പലതും ഒളിച്ചുവെക്കാനുണ്ടെന്ന് വ്യക്തമാണ്. മാർക്സിസ്റ്റ് പാർട്ടി വീണിടത്ത് കിടന്നുരുളുകയാണ്. കാഫിർ വിവാദത്തിലൂടെ മാർക്സിസ്റ്റുകാർ വർഗീയതയിൽ ബിജെപിയെ കടത്തിവെട്ടിയെന്നും എം എം ഹസ്സൻ പറഞ്ഞു.
‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്സ് ആപ് ഗ്രൂപ്പിലാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് ഈ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റിബേഷിനെ ചോദ്യം ചെയ്തിരുന്നു. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. റിബേഷിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.