വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ അടിയും തിരിച്ചടിയുമായി പോര് മുറുകുന്നു. പരസ്പരം വെല്ലുവിളിച്ച് പാരിതോഷികം പ്രഖ്യാപിച്ചാണ് ഒടുവിലത്തെ കളി. മുഖം രക്ഷിക്കാനുളള വ്യഗ്രതയിൽ ആദ്യം പണം ഓഫർ ചെയ്ത് രംഗത്ത് എത്തിയത് ഡിവൈഎഫ്ഐ ആണ്. പോലീസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പേരെടുത്ത് പറഞ്ഞ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് റിബേഷ് രാമകൃഷ്ണന് കേസിൽ പങ്കുണ്ടെന്ന് തെളിയിച്ചാൽ 25 ലക്ഷം നൽകുമെന്നാണ് വടകര ബ്ലോക്ക് കമ്മറ്റിയുടെ പ്രഖ്യാപനം. ഇതിനായി റിബേഷിൻ്റെ ഫോൺ പരിശോധിക്കാമെന്നും പോസ്റ്ററിലുണ്ട്. ഇതിന് മറുപടിയായാണ് യൂത്ത് കോൺഗ്രസിൻ്റെ പ്രഖ്യാപനം. പ്രതികളെ കണ്ടെത്താൻ റിബേഷ് തയ്യാറായാൽ 25 ലക്ഷം രൂപ നൽകാമെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിലിൻ്റെ മറുപടി. പ്രതിയെ കണ്ടെത്തേണ്ടത് ജനങ്ങളല്ല പോലീസാണെന്നും പ്രതിപക്ഷ യുവജന സംഘടന തിരിച്ചടിച്ചു.
വി.പി.ദുൽഖിഫിൽ പോസ്റ്ററിനോടൊപ്പം പങ്കുവച്ച കുറിപ്പ്
ഡിവൈഎഫ്ഐ, നാണം ഉണ്ടോ നിങ്ങൾക്ക് വർഗീയവാദിയായ റിബേഷിനെ പോലെ പോലെയുള്ള കൊടും ക്രിമിനലിനെ സംരക്ഷിക്കാൻ. ഡിവൈഎഫ്ഐയുടെ 25 ലക്ഷം രൂപ റിബേഷ് മാസ്റ്റർക്ക് തന്നെ നൽകാം പ്രതികളെ പിടിക്കേണ്ടത് ജനങ്ങളുടെ ചുമതലയല്ല, ക്യാപ്റ്റൻ കൈകാര്യം ചെയ്യുന്ന പോലീസാണ്. നിങ്ങളുടെ ഈ ജൽപനങ്ങൾ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ചു തള്ളിക്കളയും.
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വന്‍ വിവാദം സൃഷ്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് സിപിഎം അനുകൂല സമൂഹ മാധ്യമങ്ങളിൽ ആണെന്നാണ് പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഡിവൈഎഫ്ഐ നേതാവായ റിബേഷ് ഏപ്രിൽ 25ന് വൈകീട്ട് ‘റെഡ് എൻകൗണ്ടർ’ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ആദ്യം പങ്കുവച്ചത്. പിന്നാലെ ‘റെഡ് ബറ്റാലിയൻ’ വാട്‌സ്ആപ്പ് ഗ്രൂപ്പിലും ‘പോരാളി ഷാജി’, ‘അമ്പലമുക്ക് സഖാക്കള്‍’ എന്നീ ഫെയ്സ്ബുക്ക് പേജുകളിലും ഷെയർ ചെയ്തു. മുൻ എംഎൽഎയും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ ഭാര്യയുമായ കെ.കെ.ലതികയും സ്‌ക്രീൻഷോട്ട് പങ്കുവച്ചിരുന്നുവെന്നും പോലീസ് കോടതയില്‍ വ്യക്തമാക്കിയിരുന്നു. ഉറവിടം വ്യക്തമാക്കാൻ റിബേഷ് തയ്യാറാകാത്ത സാഹചര്യത്തിൽ ഫോൺ പരിശോധിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. പോരാളി ഷാജി പേജിന് പിന്നിൽ വഹാബ് എന്നയാളാണെന്ന് വ്യക്തമാക്കിയതും ഇതേ റിപ്പോർട്ടിലായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചരണം അവസാനിച്ച ദിവസം യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിൻ്റെ വാട്സ്ആപ്പ് പോസ്റ്റ് എന്ന പേരിലായിരുന്നു സിപിഎം സൈബര്‍ കേന്ദ്രങ്ങള്‍ സ്ക്രീൻഷോട്ട് പുറത്തുവിട്ടത്. ഇടത് സ്ഥാനാർത്ഥി കെ.കെ.ശൈലജയെ കാഫിർ എന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വിളിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാൽ സ്ക്രീൻഷോട്ട് വ്യാജമാണെന്നും അതിന് പിന്നിലുള്ളവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് കാസിം അന്നുതന്നെ വടകര പോലീസിൽ പരാതി നൽകി. അന്വേഷണത്തിന് പകരം കാസിമിനെ പ്രതിയാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തത്. തുടർന്ന് കാസിമിനെ ചോദ്യം ചെയ്ത് ഫോൺ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. ഇതോടെ സ്ക്രീൻഷോട്ട് നിർമിച്ചവരെ കണ്ടെത്തണമെന്ന ഹർജിയുമായി മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടത് പ്രകാരം പോലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് സ്ക്രീൻഷോട്ടിന് പിന്നിൽ ഇടത് കേന്ദ്രങ്ങളാണെന്ന് വ്യക്തമായ സൂചന നൽകി കഴിഞ്ഞയാഴ്ച പോലീസ് റിപ്പോർട്ട് നൽകിയത്.