തൃശ്ശൂർ: തൃശ്ശൂരിൽ ബിജെപിയ്ക്ക് വിജയ സാധ്യതയെന്ന അഭ്യൂഹങ്ങൾ തള്ളി എൽഡിഎഫ്. മണ്ഡലത്തിൽ വിജയിക്കാൻ ബിജെപി ശ്രമിച്ചിട്ടുണ്ടാകാമെന്നും യുഡിഎഫ് വോട്ടുകളിലായിരുന്നു അവരുടെ പ്രതീക്ഷയെന്നും മന്ത്രി കെ രാജൻ പറഞ്ഞു. എൽഡിഎഫ് മികച്ച ഭൂരിപക്ഷം നേടുമെന്നും മന്ത്രി വ്യക്തമാക്കി.
നാട്ടിക ഉൾപ്പെടെയുള്ള ഏതാനും നിയമസഭാ മണ്ഡലങ്ങളിൽ വോട്ട് ചോർച്ച ഉണ്ടായെന്ന മുരളീധരൻ്റെ പ്രസ്താവനയും ബിജെപിയുടെ വിജയസാധ്യതാ പ്രസ്താവനകളുമാണ് ചർച്ചകൾക്ക് വഴി തുറന്നത്. എൽഡിഎഫ്, യുഡിഎഫ് മുന്നണികളിൽ നിന്ന് വോട്ട് ചോർച്ച കാര്യമായി ഉണ്ടായെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ ഇരുമുന്നണികളും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണിപ്പോൾ. സിപിഐഎം ഉൾപ്പെടെ മുന്നണിയിലെ മുഴുവൻ കക്ഷികളും കെട്ടുറപ്പോടെ പ്രവർത്തിച്ചെന്നും വോട്ട് ചോർച്ച ഉണ്ടായില്ലെന്ന് അടിവരയിടുകയാണ് മന്ത്രി.