കെ റയിലിന് അനുമതി ആവശ്യപ്പെട്ട് കേരളം. കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ധനമന്ത്രിമാരുടെ യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്. വര്‍ധിച്ചുവരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. ഇത് സില്‍വര്‍ലൈന്‍ നിര്‍മ്മാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. നിലിവിലുള്ള റെയില്‍ സംവിധാനങ്ങളെ മെച്ചപ്പെടുത്താനുള്ള പദ്ധതികളും വേണം. കൂടുതല്‍ എകസ്പ്രസ്, പാസഞ്ചര്‍ ട്രയിനുകള്‍ അനുവദിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാന്‍ സഹായിക്കുന്ന നിലയില്‍ രണ്ട് വര്‍ഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ആഘാതത്തില്‍നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളും നടപടികളും തടസ്സമാകുന്നു.
കേരളത്തിന് നിയമപ്രകാരം അര്‍ഹതപ്പെട്ട പരിധയിലുള്ള വായ്പ പോലും എടുക്കാന്‍ അനുവാദം ലഭിക്കാത്ത സ്ഥിതിയാണ്. പത്താം ധനകാര്യ കമീഷന് ശുപാര്‍ശ ചെയ്ത 3.875 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമീഷന് 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ കുറവുണ്ടായി. ജിഎസ്ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും വലിയ സാമ്പത്തിക പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍ ഈ വര്‍ഷത്തെ കടമെടുപ്പ് പരിധി ഉയര്‍ത്തണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും തുറമുഖ മേഖലയുടെയും വികസനത്തിന് കേന്ദ്ര ബജറ്റില്‍ 5000 കോടി രൂപയുടെ ‘വിസല്‍ പാക്കേജ്’ പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.