കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി തേടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ കെ റെയില്‍ വിരുദ്ധ സമര സമിതി. വിഷയത്തിൽ കേന്ദ്രതലത്തിൽ ഇടപെടാനും റെയിൽവെ മന്ത്രിയെ നേരിട്ട് കാണാനുമാണ് പദ്ധതി.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തെ സമീപിച്ച പശ്ചാത്തലത്തിലാണ് സമര സമിതിയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. സമര സമിതി ഒപ്പുശേഖരണം നടത്തി തയ്യാറാക്കിയ ഭീമ ഹര്‍ജി ഉടന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സമര്‍പ്പിക്കും. കേന്ദ്ര ധനമന്ത്രിയെ കണ്ട് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെടാനും തീരുമാനമുണ്ട്. കേരളത്തില്‍ നിന്നുള്ള 19 യുഡിഎഫ് – ബിജെപി എംപിമാരുടെ സാന്നിധ്യത്തില്‍ കേന്ദ്ര മന്ത്രിമാരെ കാണാനാണ് തീരുമാനം.തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് സമര പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പുതിയ കേന്ദ്ര മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെയാണ് സില്‍വര്‍ ലൈനിന് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രീ ബജറ്റ് ചര്‍ച്ചകളുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്.