ചരിത്രപരമായ ഉത്തരവിറക്കിയാണ് മന്ത്രി കെ.രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനത്ത് നിന്നും ഇന്ന് പടിയിറങ്ങിയത്. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം. പട്ടിക വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലകള്‍ കോളനി, സങ്കേതം, ഊര് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഇത് അവമതിപ്പിന് കാരണമാകുന്നുണ്ട്. ഈ പേരുകള്‍ക്ക് പകരം കാലത്തിന് അനുസൃതമായി നാമകരണം ചെയ്യണം എന്നാണ് ഉത്തരവില്‍ പറയുന്നത്. നഗര്‍, ഉന്നതി, പ്രകൃതി മുതലായ പേരുകളോ ഉചിതമായ മറ്റു പേരുകളോ തിരഞ്ഞെടുക്കാം.
വ്യക്തികളുടെ പേരുകള്‍ നല്‍കുന്നത് തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുന്നതിനാൽ അത് പരമാവധി ഒഴിവാക്കണം എന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. നിലവില്‍ ആളുകളുടെ പേരിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും നിര്‍ദേശിക്കുന്നു. പട്ടികജാതിവകുപ്പ് കൈകാര്യം ചെയ്യുന്ന വേളയില്‍ ഒഴിയുന്ന സമയത്ത് തന്നെയാണ് മന്ത്രി പ്രധാന ഉത്തരവ് ഇറക്കിയത്.
ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറിയത്. ആലത്തൂരിൽ നിന്നാണ് രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്. ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ അവസാന പരിപാടി.
‘‘സാധാരണക്കാരനായ എന്നെപ്പോലെ ഒരാൾക്കു ചെന്നെത്താൻ കഴിയാത്തത്ര ഉയരത്തിലെത്താൻ സഹായിച്ച പാർട്ടിക്കു നന്ദി, നിയമസഭാംഗവും മന്ത്രിയുമായിരിക്കെ വഴികാട്ടിയ മഹാരഥൻമാർക്കും നന്ദി.’’ – ഈ പ്രതികരണം നടത്തിയാണ് മന്ത്രി കെ.രാധാകൃഷ്ണൻ പതിനഞ്ചാം കേരള നിയമസഭയോടു യാത്ര പറഞ്ഞത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്.