Politics

അരിയിൽ ഷുക്കൂർ വധക്കേസിൽ ബിജെപി സഹായത്തിന് ജയരാജൻ ശ്രമിച്ചെന്ന് കെ.എം.ഷാജി

Posted on

കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് സിപിഎം നേതാവ് പി.ജയരാജന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു. ചെറുപ്പക്കാരില്‍ തീവ്രവാദ ആശയം സ്വാധീനം ചെലുത്തുന്നുണ്ട്. കണ്ണൂരില്‍ നിന്നുള്ള യുവാക്കള്‍ മതഭീകരവാദ സംഘടനയുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരേ ആയിരുന്നു കെ.എം.ഷാജിയുടെ പ്രതികരണം.

മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ മുൻ ജില്ല സെക്രട്ടറി പി.ജയരാജന്റെയും മുൻ എംഎൽഎ ടി.വി.രാജേഷിന്റെയും വിടുതൽ ഹർജി തള്ളിയ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഷാജി. അരിയിൽ ഷുക്കൂർ വധക്കേസ് ആർഎസ്എസ് – സിപിഎം ബന്ധത്തിൻ്റെ തെളിവാണ്. കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സിപിഎം, ഐഎസിനേക്കാൾ വലിയ ഭീകരസംഘടന ആണെന്നും അദ്ദേഹം വിമർശിച്ചു. ഷുക്കൂർ വധക്കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണൽ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാൽ അവർ അത് തള്ളിക്കളയുകയായിരുന്നു. പിന്നീട് കോടതി ഇടപെടലിലാണ് കേസ് കേന്ദ്ര ഏജൻസി എറ്റെടുത്തതെന്നും ലീഗ് നേതാവ് ചൂണ്ടിക്കാട്ടി.

മുസ്ലിം ലീഗ് വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിൻ്റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ചാണ് കൊലചെയ്യപ്പെടുന്നത്. പട്ടുവം അരിയിൽ പ്രദേശത്ത് നടന്ന ലീഗ് – സിപിഎം സംഘർഷവുമായി ബന്ധപ്പെട്ട് എത്തിയ അന്നത്തെ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ, കല്ല്യാശ്ശേരി മുൻ എംഎൽഎ ടി.വി.രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് പ്രതികാരമായി ഷുക്കൂറിനെ വധിച്ചുവെന്നാണ് കേസ്.

ഗൂഢാലോചന കുറ്റമാണ് സിപിഎം നേതാക്കള്‍ക്കെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം ജയരാജനും രാജേഷും അഡ്മിറ്റായ ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിൻ്റെ പ്രധാന ആലോചനകൾ നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ച് നടന്ന കൊലപാതക ആസൂത്രണത്തെപ്പറ്റി ഇരുനേതാക്കൾക്കും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് ഇരുവരും കോടതിയിൽ ഹർജി നൽകിയത്. സിബിഐ സ്പെഷൽ കോടതി ജഡ്ജി പി.ശബരിനാഥനാണ് ഇന്ന് പ്രതികളുടെ ആവശ്യം തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version