Kerala
കെ ജി ജയന്റെ സംസ്‌കാരം ഇന്ന്; ഉച്ചയ്ക്ക് ശേഷം പൊതുദര്‍ശനം
കൊച്ചി: അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃപ്പൂണിത്തുറയില്‍ നടക്കും. രാവിലെ എട്ടരയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിലെ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരം.
ഇന്നലെ പുലര്‍ച്ചെ അന്തരിച്ച കെ ജി ജയന്റെ ഭൗതിക ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ എട്ടരയോടെ മകന്‍ മനോജ് കെ ജയന്റെ തൃപ്പൂണിത്തുറയിലെ വസതിയിലെത്തിക്കും. മതപരമായ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൂന്ന് മണിയോടെ തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിലെ കൂത്തമ്പലത്തിലേക്ക് കൊണ്ടു പോകും.
വൈകീട്ട് അഞ്ച് മണി വരെ ഇവിടെ പൊതുദര്‍ശനമുണ്ടാകും. സംഗീത-സിനിമാ ലോകത്ത് നിന്നുള്ളവര്‍ ഇവിടെയെത്തിയാവും അന്തിമോപചാരം അര്‍പ്പിക്കുക. തുടര്‍ന്ന് തൃപ്പൂണിത്തുറ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയായിരുന്നു കെ ജി ജയന്‍ അന്തരിച്ചത്.