തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കെ ഇ ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സിപിഐയിൽ തീരുമാനം.

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ധാരണയായത്. പി രാജുവിന്റെ മരണത്തില്‍ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയതിലാണ് നടപടി. ആറ് മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യാനാണ് എക്‌സിക്യൂട്ടീവ് യോഗത്തിന്റെ ശുപാര്‍ശ. സംസ്ഥാന കൗണ്‍സില്‍ ശുപാര്‍ശ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തില്‍ വരും.
സംഭവത്തില്‍ ഇസ്മയില്‍ നിന്ന് നേരത്തെ തന്നെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇന്ന് നടന്ന യോഗത്തില്‍ പുറത്താക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു. സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിന് പിന്നാലെ ഇസ്മയില്‍ നടത്തിയ പ്രതികരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തില്‍ പി രാജു സംഘടനാ നടപടിക്ക് വിധേയനായിരുന്നു. ഈ നടപടിയില്‍ രാജുവിന് വിഷമമുണ്ടായിരുന്നുവെന്നായിരുന്നു ഇസ്മയിലെന്റെ പ്രതികരണം.

