കൊച്ചി: എന്തു ചോദിച്ചാലും ബഹിഷ്കരിച്ചിരിക്കുന്നു എന്നാണു പ്രതിപക്ഷ നേതാവു പറയുന്നതെന്ന് ന്ത്രി കെ.ബി.ഗണേഷ് കുമാർ. ഹലോ, പ്രതിപക്ഷനേതാവാണോ എന്നു ചോദിച്ചാൽ ഞങ്ങൾ ബഹിഷ്കരിച്ചിരിക്കുന്നു എന്നാണു വി.ഡി.സതീശൻ പറയുക. എന്താണ് ബഹിഷ്കരിക്കുന്നത്? – കെ.ബി.ഗണേഷ് കുമാർ ചോദിച്ചു.
കെ.ബി.ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ
എന്റെ നാട്ടിൽ പണ്ടൊരു കള്ളനുണ്ടായിരുന്നു. എല്ലാ മോഷണ കേസിലും അവനെ പിടിക്കും. മോഷ്ടിക്കും, പിടിക്കും. ഒടുവിൽ കള്ളൻ കല്ല്യാണം കഴിച്ചു. ഭാര്യയുടെ നിർബന്ധം കൊണ്ടു കള്ളൻ മോഷണം നിർത്തി. ഉറങ്ങുമ്പോൾ തട്ടിവിളിച്ചാൽ ഉടൻ പറയും, സാറേ, ഞാനല്ല മോഷ്ടിച്ചത്. അതുപോലെയാണു പ്രതിപക്ഷ നേതാവ്. മകളുടെ കല്യാണം വിളിക്കാൻ പ്രതിപക്ഷ നേതാവിനെ ഒരു ഇടത് നേതാവ് വിളിച്ചു. അപ്പോൾ പറഞ്ഞു, ഞങ്ങൾ ബഹിഷ്കരിച്ചിരിക്കുന്നു. കല്യാണമാണെന്നു പിന്നീടാണു മനസിലായത്. ഞങ്ങൾ ബഹിഷ്കരിച്ചിരിക്കുന്നു എന്ന് ഫോണ്‍ എടുത്തപ്പോഴേക്കും പറയുകയാണ്.
2018 ലെ വെള്ളപ്പൊക്കത്തിൽ കേരളത്തിലെ ജനങ്ങളെ പട്ടണികിടക്കാൻ അനുവദിക്കാതെ നയിച്ച മഖ്യമന്ത്രി പിണറായി വിജയനെ പുച്ഛിക്കാൻ ഇവർക്കു യാതൊരു യോഗ്യതയുമില്ല. വെള്ളപ്പൊക്കം വന്ന് ആയിരക്കണക്കിന് ആളുകൾ അഭയാർഥി ക്യാംപുകളിൽ വന്നു. ഒഡീഷയിലും ആന്ധ്രയിലും വെള്ളപ്പൊക്കം വരുമ്പോൾ നാട്ടിൽ പിച്ചയെടുക്കാൻ വരുന്നവർക്കു കൊടുക്കുമ്പോലെ പഴയ കമ്പളിയും പുതപ്പും കീറിയതുമെല്ലാം തയാറാക്കി വച്ചപ്പോളാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. ഈ ക്യാംപുകളില്‍ പഴയതൊന്നും തരാൻ പാടില്ല. അവിടെ താമസിക്കുന്നവരും മനുഷ്യരാണ്. അവരൊരു ദുരന്തത്തിൽ പെട്ട് ഇരിക്കുമ്പോൾ പഴയ സാധനങ്ങൾ കൊണ്ട് ആരും വരരുത്. പുതിയതു കൊണ്ടുവരണമെന്നു പറഞ്ഞ മുഖ്യമന്ത്രിയാണു നവകേരള സദസ്സിനെ നയിക്കുന്നത്.