ഒമ്പതുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിൽ ഇന്ത്യയിലും ആഘോഷം. സുനിത വില്യംസിന്‍റെ ജന്മനാടായ ജുലാസൻ ഗ്രാമത്തിലാണ് ആഘോഷം. നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. ലോകമാകെ ഉറ്റുനോക്കിയ സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ജന്മനാടും ആഘോഷമാക്കുകയാണ്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പുകൾപെറ്റ പുത്രിമാരിൽ ഒരാളെ ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമായിരിക്കും -മോദി കുറിച്ചു.
മാർച്ച് ഒന്നിന് അയച്ച കത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് എക്സിൽ പങ്കുവെച്ചത്. രാജ്യത്തിന്റെ അഭിമാന നിമിഷമാണിതെന്നും സുനിതയ്ക്കും ബുച്ചിനും ആശംസകൾ അറിയിക്കുന്നതായും മോദി കത്തിൽ പറഞ്ഞു.

