കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയതിന് സംസ്പെൻഷനിലുള്ള ജഡ്‌ജിക്കെതിരെ പോലീസ് കേസിനും വഴിതെളിഞ്ഞു. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന എം സുഹൈബിനെതിരെ പയ്യന്നൂരിലെ അഭിഭാഷകനായ പിന്റോ ഫ്രെഡറിക് കോഴിക്കോട് ടൗൺ പോലീസില്‍ പരാതി നല്‍കി. ഇതിന്മേൽ നിയമോപദേശത്തിന് നടപടി തുടങ്ങിയെന്ന് എസ്എച്ച്ഒ പി.ജിതേഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷിക്കണമെന്നും സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നുമാണ് ആവശ്യം.
അതേസമയം കോടതി ജീവനക്കാരി ഇതുവരെ പോലീസിൽ പരാതി നല്‍കിയിട്ടില്ല. കോടതി ജീവനക്കാർ പ്രതിഷേധം ഉയർത്തിയപ്പോൾ ജഡ്‌ജി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ ചേംബറില്‍ വെച്ചായിരുന്നു ഇത്. പിന്നാലെ ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ വന്നതോടെ ജഡ്ജി സസ്പെന്‍ഷനിലായി.
ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തത്. ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി വന്നത്. സംഭവം ജുഡീഷ്യൽ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചതായാണ് കമ്മിറ്റി വിലയിരുത്തിയത്. സസ്പെന്‍ഷനില്‍ തുടരുമ്പോള്‍ തന്നെയാണ് ജഡ്ജിക്ക് എതിരെ നിയമനടപടി തേടി അഭിഭാഷകന്റെ പരാതിയും എത്തുന്നത്