കൊച്ചി: നടി വിൻസി അലോഷ്യസിന്റെ പരാതി വളരെ ഗൗരവമായി എടുക്കുന്നുവെന്നും ഷൈൻ ടോം ചാക്കോയുടെ ഭാഗം കൂടി കേട്ട ശേഷം തീരുമാനം എടുക്കുമെന്നും അമ്മ അഡ് ഹോക്ക് കമ്മറ്റി അംഗം ജോയ് മാത്യു പ്രതികരിച്ചു.

വിൻസിയുടെ രേഖാ മൂലമുള്ള പരാതി കിട്ടിയിരുന്നു. ഇന്നലെ യോഗം ചേർന്ന് മൂന്നാംഗ സമിതിയെ പരാതി പരിശോധിക്കാൻ നിയോഗിച്ചു. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം നടപടിയെന്നും പരാതിക്കാരിയുടെ കൂടെയാണ് സംഘടനയെന്നും നടന്ന കാര്യങ്ങളെ കുറിച്ച് ഷൈൻ ടോം ചാക്കോയോട് വിശദീകരണം തേടുമെന്നും ജോയ് മാത്യു വിശദമാക്കി.

ലഹരി സിനിമയില്‍ മാത്രമല്ല എല്ലായിടത്തുമുണ്ട്. എല്ലാ മേഖലയിലും ലഹരി കേസുകള്‍ വർധിച്ചിട്ടുണ്ട്. ലഹരിയുടെ കാര്യത്തില്‍ തടയിടാൻ ഒരു സംഘടനക്കും കഴിയില്ല. അത് ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. തൊഴിലിടങ്ങളില്‍ എത്ര അച്ചടക്കം വേണമെന്ന് തൊഴില്‍ ചെയ്യുന്നവർ തീരുമാനിക്കണം. നിയമം കൊണ്ട് നിരോധിക്കാൻ പറ്റുന്നില്ല. ഒരാളെ സിനിമയില്‍ നിന്നും നിരോധിക്കുന്ന കീഴ് വഴക്കം ഇപ്പോള്‍ ഇല്ല. ലഹരി ആരോപണങ്ങള്‍ ഉയരുന്ന ആളുകള്‍ക്ക് എതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്നും ജോയ് മാത്യു വിശദമാക്കി.

