എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് മാറണം എന്ന ആവശ്യം കേരള കോണ്‍ഗ്രസില്‍ (എം) ശക്തമായിരിക്കെ അണിയറ ചര്‍ച്ചകളും പുരോഗമിക്കുന്നു. കേരള കോണ്‍ഗ്രസിനെ അടര്‍ത്തിയെടുക്കാന്‍ ലീഗ് ആണ് മധ്യസ്ഥതയുമായി മുന്നില്‍ ഉള്ളത്. മുനമ്പം ഭൂമി പ്രശ്നം, വനനിയമഭേദഗതി ബില്‍ എന്നിവയില്‍ സഭകള്‍ സര്‍ക്കാരിനു എതിരായിരുന്നു. ഇതുകൊണ്ട് തന്നെയാണ് മുന്നണിമാറ്റം എന്ന ആവശ്യം കേരള കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നത്.
പാലാ, കടുത്തുരുത്തി മണ്ഡലങ്ങൾ കേരള കോണ്‍ഗ്രസിന് കൈമാറാതെ പകരം ഉറപ്പുള്ള മണ്ഡലങ്ങളാണ് ലീഗുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നത്. യുഡിഎഫിന്റെ തിരുവമ്പാടി സീറ്റ് ജോസ്.കെ.മാണിക്ക് നല്‍കാമെന്ന വാഗ്ദാനവും കേരള കോണ്‍ഗ്രസിന് മുന്നിലുണ്ട്. എന്നാല്‍ ചീഫ് വിപ്പ് എൻ. ജയരാജ്,മന്ത്രി റോഷി അഗസ്റ്റിൻ, പ്രമോദ് നാരായൺ എംഎൽഎ. എന്നിവർ ഇടതുമുന്നണി വിടുന്നതിനോട്അനുകൂലിക്കുന്നില്ല. ഇതും പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
അധികാരത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായി സാമുദായിക നേതാക്കളുമായി യുഡിഎഫ് ബന്ധം തിരികെ പിടിച്ചിട്ടുണ്ട്. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എന്‍എസ്എസ് രമേശ് ചെന്നിത്തലയെ എത്തിച്ചിരുന്നു. ക്രൈസ്തവ സഭാ പരിപാടികളില്‍ പ്രാസംഗികനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും സഭ നേതൃത്വം ക്ഷണിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ തന്നെയാണ് കേരള കോണ്‍ഗ്രസിനെയും യുഡിഎഫില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്.