തിരുവനന്തപുരം: ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസിൽ പിതാവ് ജെയിംസ് ജോസഫ് ഇന്ന് സി.ജെ.എം കോടതിയിൽ ഹാജരാകും. കേസന്വേഷണം അവസാനിപ്പിക്കാൻ സിബിഐ അനുമതി തേടിയതിനാൽ അഭിപ്രായം അറിയിക്കാൻ കോടതി ജെസ്നയുടെ പിതാവിന് നോട്ടീസയച്ചു.
സി.ബി.ഐ ഉദ്യോഗസ്ഥരുമായി പിതാവ് ചർച്ച നടത്തും. സി.ബി.ഐ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ നടപടി സ്വീകരിക്കും. അഭിഭാഷകരെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചക്കുശേഷം തീരുമാനിക്കും.
2018 മാര്‍ച്ച് 22-ന് വെച്ചൂച്ചിറ മുക്കൂട്ടുതറയിലെ വീട്ടില്‍നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്നയെയാണ് പിന്നീട് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ജെസ്ന എവിടെയാണെന്നോ എങ്ങോട്ടാണ് പോയതെന്നോ കണ്ടെത്താനായില്ല. 2021-ല്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കേസ് സി.ബി.ഐ. ഏറ്റെടുത്തപ്പോള്‍ ഏവരും പ്രതീക്ഷയിലായിരുന്നു. പക്ഷേ, രണ്ടരവര്‍ഷത്തോളംനീണ്ട സി.ബി.ഐ. അന്വേഷണത്തിലും ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായില്ല.