India
ജമ്മു റിയാസിയില്‍ ഭീകര്‍ക്കായി തിരച്ചില്‍ ശക്തം; തീർത്ഥാടകര്‍ക്ക് നേരെ വെടിയുതിര്‍ത്തവരെ കുറിച്ച് സൂചന ലഭിച്ചെന്ന് സൈന്യം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ റിയാസിയില്‍ ഭീകരാക്രമണത്തിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്ത ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി. ആക്രമണത്തില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 10 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഭീകരരെ കുറിച്ച് ശക്തമായ സൂചന ലഭിച്ചുവെന്ന് സൈന്യം അറിയിച്ചു.
സമീപജില്ലകളായ രജൗരിയെയും പൂഞ്ചിനെയും അപേക്ഷിച്ച് റിയാസിയിൽ ഭീകരരുടെ സാന്നിധ്യം കുറവായിരുന്നു. പക്ഷെ ഇക്കുറി ആക്രമണം നടന്നത് റിയാസിയിൽ ആണെന്നതിനാല്‍ ശക്തമായ നടപടികള്‍ക്ക് സൈന്യം ഒരുങ്ങുകയാണ്. പ്രദേശം സേന വളഞ്ഞിട്ടുണ്ട്.
ജമ്മുവില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ ശിവഖോരി ഗുഹാക്ഷേത്രത്തിലേക്കു പോയ തീർത്ഥാടകരുടെ ബസിനെ ലക്ഷ്യമിട്ടാണു ഭീകരര്‍ നിറയൊഴിച്ചത്. ഇതോടെ നിയന്ത്രണം നഷ്ടമായ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്. റിയാസി എസ്പി മോഹിത് ശര്‍മയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ 32 പേർക്ക് പരിക്കേറ്റിട്ടുണ്ട്. താഴ്ചയിലേക്കു വീണ ബസ് പൂർണമായും തകർന്നു. തീർത്ഥാടകരുടെ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു.