India

ശ്രീനഗറിലെ വെടിവയ്പ്പിൽ പഞ്ചാബ് സ്വദേശി കൊല്ലപ്പെട്ടു; ഒരാളുടെ നില ഗുരുതരം

Posted on

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ വെടിവയ്പ്പ്. തീവ്രവാദികളുടെ വെടിയേറ്റ് പഞ്ചാബിലെ അമൃത്‌സർ സ്വദേശിയായ അമൃതപാൽ സിംഗ് കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും കശ്മീർ പൊലീസ് അറിയിച്ചു. ശ്രീനഗറിലെ ഷല്ലാ കടൽ മേഖലയിലാണ് വെടിവയ്പ്പ് നടന്നത്.

പഞ്ചാബ് സ്വദേശിയ്ക്ക് സംഭവസ്ഥലത്തു വച്ചു തന്നെ ജീവൻ നഷ്ടമായി. ആശുപത്രിയിൽ കഴിയുന്ന രോഹിത്തിന്റെ ആരോഗ്യനില ഗുരുതരമാണ്. ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്ന തീവ്രവാദി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവസ്ഥലം പൊലീസ് വളഞ്ഞിരിക്കുകയാണ്.

കശ്മീർ മുൻ മുഖ്യമന്ത്രിയും ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് ചീഫുമായ ഫറൂഖ് അബ്ദുല്ല അമൃത്പാൽ സിങ്ങിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. ആക്രമണത്തിനു സമൂഹത്തിൽ സ്ഥാനമില്ലെന്നും ഇത്തരം ക്രൂരതകൾ നാം പരിശ്രമിക്കുന്ന പുരോഗതിക്കും സമാധാനത്തിനും തടസം സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version