ജയ്പൂര്‍: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴുപേര്‍ വെന്തുമരിച്ചു. രാജസ്ഥാനിലെ സിക്കാറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശികളും കാര്യാത്രികരുമായ നീലം ഗോയല്‍ (55), മകന് അഷുതോഷ് ഗോയല്‍ (35), മഞ്ജു ബിന്ദാല് (58) മകന് ഹാര്‍ദിക് ബിന്ദാല് (37), ഭാര്യ സ്വാതി ബിന്ദാല് (32) എന്നിവരും രണ്ട് കുട്ടികളുമാണ് മരിച്ചത്.
സലാസറിലെ സലാസര്‍ ബാലാജി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. ചുരു ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ നിന്നുള്ള വാഹനം ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയും ഗ്യാസ് കിറ്റ് പൊട്ടിത്തെറിച്ച് തീ പിടിക്കുകയുമായിരുന്നു.