തിരുവനന്തപുരം: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ആരായിരിക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിലും സിപിഐയിലും തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു. ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിൽ രണ്ട് സീറ്റുകളാണ് ഇടത് മുന്നണിക്ക് വിജയിക്കാനാകുക. അത് സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കാനാണ് നിലവിലെ ധാരണ.
സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെ പരിഗണിക്കണമെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്. പാർട്ടി സംഘടനയിലും ചാനൽ ചർച്ചകളിലും നവമാധ്യമങ്ങളിലും ഒരുപോലെ തിളങ്ങുന്ന ജെയ്കിന് അർഹമായ പാർലമെന്ററി പരിഗണന നൽകണമെന്നാണ് കോട്ടയത്തെയും സംസ്ഥാനത്തെയും സിപിഎം നേതൃത്വത്തിന്റെ നിലപാട്. മറ്റ് അത്ഭുതങ്ങളും അടിയൊഴുക്കുകളും ഉണ്ടായില്ലെങ്കിൽ ജെയ്ക് ഇക്കുറി രാജ്യസഭയിലൂടെ പാർലമെന്റിലെത്തും എന്നും സിപിഎം നേതാക്കൾ സൂചിപ്പിക്കുന്നു.
പുതുപള്ളി നിയമസഭാ മണ്ഡലത്തിൽ തുടർച്ചയായ മൂന്നു പരാജയങ്ങളാണ് സിപിഎമ്മിന് വേണ്ടി ജെയ്ക് സി തോമസ് ഏറ്റുവാങ്ങിയത്. രണ്ടു തവണ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോടും പുതുപ്പള്ളിയിൽ ജെയ്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.