Kerala
യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഓർത്തഡോക്സ് – യാക്കോബായ തർക്കപരിഹാരത്തിനായി ചർച്ച് ബിൽ കൊണ്ടുവരുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കണമെന്ന് പാത്രിയാർക്കീസ് ബാവ ആവശ്യപ്പെട്ടതായാണ് സൂചന. മുഖ്യമന്ത്രിയുടെ പുത്തൻകുരിശ് പ്രസംഗത്തിൽ ഇടഞ്ഞു നിൽക്കുന്ന ഓർത്തഡോക്സ് വിഭാഗം കൂടിക്കാഴ്ചയുടെ പാശ്ചാത്തലത്തിൽ നിലപാട് കടുപ്പിക്കാനാണു സാധ്യത.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മലങ്കര സഭാ തർക്കത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് യാക്കോബായ വിഭാഗം. തർക്ക പരിഹാരത്തിനായി സർക്കാർ വാഗ്ദാനം ചെയ്ത ചർച്ച് ബിൽ നടപ്പാക്കാൻ ഇനിയും വൈകരുതെന്ന നിലപാടിലാണ് യാക്കോബായ സഭ. മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ തന്നെ ആവശ്യം ഉന്നയിച്ചതായാണ് സൂചന. നേരത്തെ പുത്തൻ കുരിശിൽ നടന്ന യാക്കോബായ സമ്മേളനത്തിലും മുഖ്യമന്ത്രിയും പാത്രിയർക്കീസ് ബാവയും വേദി പങ്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ക്ലിഫ് ഹൗസിലും കൂടിക്കാഴ്ച നടത്തിയത്.