തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ അതിരൂക്ഷ വിമര്ശനവുമായി ദേശാഭിമാനിയിൽ ലേഖനം. കഴിഞ്ഞ ദിവസം ചന്ദ്രികയിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനത്തിനുള്ള മറുപടിയെന്നോണമാണ് ദേശാഭിമാനിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ്റെ ലേഖനം വന്നത്. മുസ്ലിം ലീഗ് ഇപ്പോഴുയര്ത്തുന്നത് മതരാഷ്ട്രവാദികളുടെ മുദ്രാവാക്യമാണെന്ന് ലേഖനത്തിൽ വിമര്ശിക്കുന്നു.
മതനിരപേക്ഷത സംരക്ഷിക്കുന്നതിനായി ഇടതുപക്ഷം സ്വീകരിച്ച നിലപാട് മുസ്ലിം സംഘടനകളെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചുവെന്നും ഇതാണ് ലീഗും സമസ്തയും തമ്മിലുള്ള സംഘർഷത്തിന് കാരണമെന്ന് ലേഖനത്തിൽ പറയുന്നു. കമ്യുണിസ്റ്റുകൾ മതനിരാസരാണെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന ലീഗിനെ മത രാഷ്ട്രീയ വാദികളുടെ പാളയത്തിലെത്തിക്കുമെന്ന് വിമർശനത്തിൽ പറയുന്നു. കേരളത്തിലെ പ്രബല മുസ്ലിം വിഭാഗമായ സുന്നികളുമായി യോജിക്കാവുന്ന വിഷയങ്ങളിൽ യോജിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
‘അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന സിപിഐ എമ്മിന്റെ സമീപനം മുസ്ലിം ജനവിഭാഗങ്ങളിലെയടക്കം പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്. വർഗീയതയ്ക്കെതിരെ സമര ഐക്യം കൂടിയായി ഇതിനെ മാറ്റിയെടുക്കുകയാണ്. പാവപ്പെട്ടവരുടെ സംരക്ഷണമെന്ന പാർടി സമീപനം ന്യൂനപക്ഷവിഭാഗം ഉൾപ്പെടെയുള്ളവരുടെ സംരക്ഷണത്തിന്റെ ഭാഗമാണ്. കേരളത്തിലെ മുസ്ലിം സംഘടനകളെയാകെ തങ്ങളുടെ കൊടിക്കീഴിൽ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് വിജയം നേടുകയെന്നതായിരുന്നു മുസ്ലിം ലീഗിന്റെ സമീപനം. ലീഗിലെ സമ്പന്ന വിഭാഗത്തിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടി മുസ്ലിം സംഘടനകളെ യോജിപ്പിച്ച് നിർത്തുന്ന നയമായിരുന്നു ലീഗിന്റേത്. ബാബ്റി മസ്ജിദ് പൊളിച്ചതടക്കം മതനിരപേക്ഷത തകർക്കുന്ന നയങ്ങൾ രാജ്യത്തുയർന്നപ്പോൾ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ മുസ്ലിംലീഗിന് കഴിഞ്ഞില്ല.
ലീഗിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന നയങ്ങൾ ഉൾക്കൊള്ളാൻ മുസ്ലിം സംഘടനകളിൽ പലതും തയ്യാറായില്ല. അത് മുസ്ലിം ലീഗും മുസ്ലിം സംഘടനകളും തമ്മിലുള്ള വൈരുധ്യങ്ങളിലേക്ക് നയിച്ചു. തങ്ങളുടെ നിലപാടുകൾക്കനുസരിച്ച് മറ്റ് രാഷ്ട്രീയപാർടികളുമായി ഇത്തരം സംഘടനകൾ ഇടപെടുന്ന നിലയുണ്ടായി. ഈ സമീപനം അംഗീകരിക്കാൻ കഴിയാത്ത മുസ്ലിംലീഗ് ഈ സംഘടനകളെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ പലവിധത്തിൽ ഇടപെട്ടു. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് മുസ്ലിം ജനവിഭാഗങ്ങളിലെ മതനിരപേക്ഷത മുറുകെ പിടിക്കുന്ന സംഘടനകളെ ഇടതുപക്ഷ മുന്നണിയുമായും സർക്കാരുമായും സഹകരിക്കുന്ന സ്ഥിതി വിശേഷം സൃഷ്ടിച്ചു. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള സംഘർഷത്തിന്റെ അടിസ്ഥാനമിതായിരുന്നു.
മുസ്ലിമായി ജീവിക്കണമെങ്കിൽ മതനിരപേക്ഷമായ സമൂഹമുണ്ടായാൽ മതിയെന്ന നിലപാടാണ് പൊതുവിൽ മുസ്ലിം മത സംഘടനകൾക്കുള്ളത്. സുന്നി സംഘടനകൾ ഇതിന് ഉദാഹരണമാണ്. ഇത്തരം സംഘടനകളുമായി യോജിക്കാവുന്ന വിഷയങ്ങളിൽ യോജിക്കുന്ന നയമാണ് സിപിഐഎമ്മിനുള്ളത്. മതവിശ്വാസികളുമായി ഐക്യവും വർഗീയതയ്ക്കെതിരെ സമരവും എന്നതാണ് സിപിഐഎമ്മിന്റെ സമീപനം. ഈ നയം കൂടുതൽ ശക്തമായി സിപിഐഎം നടപ്പാക്കാൻ തുടങ്ങിയതോടെ മുസ്ലിംലീഗ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചു.
മുസ്ലിം രാഷ്ട്രവാദമുയർത്തുന്ന ജമാഅത്തെ ഇസ്ലാമിയുമായും തീവ്ര നിലപാടെടുക്കുന്ന മുസ്ലിം സംഘടനകളുമായും രഹസ്യമായും പിന്നീട് പരസ്യമായും അവർ ബന്ധം സ്ഥാപിച്ചു. അവരുടെ സംഘടനാ സംവിധാനത്തെ ഇടതുപക്ഷത്തിനെതിരെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനും പ്രചാരണത്തിനും ലീഗ് ഉപയോഗിച്ചു. അവരുടെ മുദ്രാവാക്യങ്ങൾ പലതും സ്വീകരിക്കുന്ന നിലയും അവർ മുന്നോട്ടുവച്ചു . മുസ്ലിംമത സംഘടനകളുടെ നിലപാടുകൾ സൃഷ്ടിക്കുന്ന തിരിച്ചടി മറികടക്കാൻ മതരാഷ്ട്രവാദികളുമായുള്ള ചങ്ങാത്തമെന്നതാണ് ലീഗ് സ്വീകരിക്കുന്ന സമീപനം.
ഇപ്പോൾ ലീഗ് ഉയർത്തുന്ന മുദ്രാവാക്യങ്ങൾ പലതും ജമാഅത്തെ ഇസ്ലാമിയുൾപ്പെടെയുള്ള മതരാഷ്ട്രവാദികൾ മുന്നോട്ടുവയ്ക്കുന്ന വിധത്തിലുള്ളതാണ്. സിപിഐഎം മതവിരുദ്ധ പ്രസ്ഥാനമാണെന്നും മറ്റുമുള്ള മുസ്ലിംലീഗ് പ്രസിഡന്റിന്റെ പ്രസ്താവന ജമാഅത്തെ ഇസ്ലാമിയുടെ മൂശയിൽനിന്ന് രൂപപ്പെട്ടതാണ്. കേരളവിഭജനമെന്ന മുദ്രാവാക്യവും ഇത്തരം അജൻഡകൾ സ്വീകരിക്കുന്ന ലീഗ് പക്ഷപാതികളിൽ നിന്ന് ഉയർന്നുവരുന്നതാണ്. മതരാഷ്ട്രവാദികളുടെയും തീവ്രവാദ സമീപനം സ്വീകരിക്കുന്നവരുടെയും മുദ്രാവാക്യമേറ്റെടുത്ത് മുസ്ലിംലീഗ് പ്രവർത്തിക്കുമ്പോൾ ആ സമൂഹത്തിൽ മതരാഷ്ട്രവാദം പ്രചരിപ്പിക്കുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ ദൗത്യം മുസ്ലിംലീഗ് സ്വയം ഏറ്റെടുക്കുകയാണ്. ഇത് കേരളത്തിലെ ജനാധിപത്യപരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം സമൂഹത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ അജൻഡയുടെ പ്രയോഗമാണ്. ഇത്തരം മതരാഷ്ട്രവാദ ആശയങ്ങളെ ചൂണ്ടിക്കാണിച്ച് ശക്തിപ്പെടാൻ സംഘപരിവാറിന് ഇത് അവസരമൊരുക്കുകയും ചെയ്യും’ – ലേഖനത്തിൽ പുത്തലത്ത് ദിനേശൻ പറയുന്നു.